കടുത്ത പനി, തലവേദന, പേശിവേദന, കണ്ണുകൾ കുഴിഞ്ഞിരിക്കുക, ക്ഷീണം; ഈ ലക്ഷണങ്ങള്‍ മാര്‍ബര്‍ഗ് വൈറസിന്‍റെയാകാം

By: 600007 On: Oct 8, 2024, 1:23 PM

ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ മാര്‍ബര്‍ഗ് വൈറസ് ബാധിച്ച് 12 പേരാണ് ഇതുവരെ മരിച്ചത്. കഴിഞ്ഞ മാസം അവസാനം സ്ഥിരീകരിച്ച ഈ വൈറസ്‌ രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും മരണത്തിലേക്കും നയിക്കാം. രക്തസ്രാവം, അവയവ സ്‌തംഭനം എന്നിവയ്‌ക്ക്‌ കാരണമാകുന്ന ഈ മാരകവൈറസ്‌ ബാധിക്കപ്പെട്ടവരുടെ മരണനിരക്ക്‌ 88 ശതമാനമാണ്. എബോളയ്ക്ക് സമാനമായ അതീവ മാരകമായ വൈറസാണിത്. 

വൈറസ് ബാധിച്ച് മരിച്ചത് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരാണ്.  മൃഗങ്ങളില്‍ നിന്നാണ് മാര്‍ബര്‍ഗ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. പ്രധാനമായും പഴംതീനി വവ്വാലുകളാണ് വൈറസ് വാഹകരെന്നാണ് റിപ്പോർട്ട്. രോഗബാധിതരുടെ ശരീര സ്രവവുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് പടരുന്നത്.

1967 ൽ ജർമ്മനിയിലെ മാർബർഗിലും ഫ്രാങ്ക്ഫർട്ടിലും സെർബിയയിലെ ബെൽഗ്രേഡിലുമാണ് ആദ്യം ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിനുശേഷം അംഗോള, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട എന്നിവ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. 2008ൽ ഉഗാണ്ടയിലെ ഒരു ഗുഹ സന്ദർശിച്ച സഞ്ചാരികൾക്കാണ് രോഗബാധയുണ്ടായത്.